തിരുവനന്തപുരം: ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയതിന്റെ പേരിൽ ശുചീകരണ തൊഴിലാളികൾക്കെതിരെ എടുത്ത നടപടി പിൻവലിക്കണമെന്ന് സിഐടിയു. ഏകപക്ഷീയമായ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് കത്ത് നൽകാനാണ് സിഐടിയുവിന്റെ തീരുമാനം. നടപടി പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോര്പ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും വ്യക്തമാക്കി. ഓണസദ്യ വലിച്ചെറിഞ്ഞതിന്റെ പേരിൽ 7 തൊഴിലാളികളെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഓണാവധിക്ക് ശേഷം തിങ്കളാഴ്ച കോർപ്പറേഷൻ ഓഫീസ് തുറക്കാനിരിക്കെയാണ് സിഐടിയു സമ്മർദ്ദം ശക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.
