ആറ്റിങ്ങൽ: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വെയിലൂർ മുണ്ടയ്ക്കൽ ലാലിഭവനിൽ സതീശൻ എന്ന 57 കാരന് 34 വർഷം കഠിനതടവും എഴുപതിനായിരം രൂപ പിഴയും. ആറ്റിങ്ങൽ പോക്സോ കോടതി ജഡ്ജി ടി.പി. പ്രഭാഷ് ലാലാണ് ശിക്ഷിച്ചത്. 2012 നവംബർ 24 നാണ് കേസെടുത്തത്. പ്രതി കുട്ടിയുടെ പിതാവിന് മദ്യം നൽകി അബോധാവസ്ഥയിലാക്കുകയും സഹോദരനെ മിഠായിവാങ്ങാൻ പറഞ്ഞു വിടുകയും ചെയ്ത ശേഷം, അതിക്രമം കാട്ടുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയതിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ മൂന്നുമാസം കഠിനതടവ്, ബലാൽസംഗശ്രമത്തിന് ഏഴ് വർഷം കഠിനതടവും പതിനായിരം രൂപ പിഴയും, പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ മൂന്നുമാസം കഠിനതടവ്, പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയെ പീഡനത്തിനിരയാക്കിയ കുറ്റത്തിനു പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴ തുകയും, പിഴ തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവ്, കുട്ടിയെ ആവർത്തിച്ച് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിതിന് പത്തുവർഷം കഠിനതടവും ഇരുപത്തി അയ്യായിരം രൂപ പിഴത്തുകയും, പിഴത്തുക കെട്ടിവയ്ക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴത്തുകയിൽ ഇരുപതിനായിരം രൂപ കുട്ടിക്ക് നൽകണം. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി. ജയിലിൽ കിടന്ന കാലം ശിക്ഷ ഇളവിന് അർഹതയുണ്ടെന്നും വിധിന്യായത്തിലുണ്ട്. മംഗലപുരം പൊലീസ് രജിസ്റ്റർ ചെയ്ത് മംഗലപുരം എസ്.ഐ ആയിരുന്ന ചന്ദ്രദാസ് രജിസ്റ്റർ ചെയ്‌ത് ആറ്റിങ്ങൽ ഡിവൈ.എസ്.പി ആയിരുന്ന പ്രശാന്തൻ കാണി അന്വേഷണം നടത്തി, പ്രതാപൻ നായർ കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷൻ പതിനഞ്ച് സാക്ഷികളെ വിസ്തരിച്ചു. മുപ്പത്തൊൻപത് രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.
