പൊഴിയൂർ :തെക്കേകൊല്ലങ്കോട് തീരദേശ മേഖലയിൽ തെരുവ് നായ്ക്കളുടെ അക്രമ പരമ്പര. രണ്ടു വയസ്സുകാരൻ മുതൽ വയോധികയ്ക്കു വരെ കടിയേറ്റു. തിങ്കൾ വൈകിട്ടാണ് അക്രമങ്ങൾക്ക് തുടക്കം. പൊയ്പ്പള്ളി വിളാകത്ത് വീടിന്റെ വരാന്തയിൽ ഉണ്ടായിരുന്ന ഡിനുവിന്റെ മകൻ രണ്ടു വയസ്സുകാരൻ സാൻജോസിനെ ആണ് നായ ആദ്യം ആക്രമിച്ചത്. മുഖത്തും കഴുത്തിലും ആഴത്തിൽ പരുക്കേറ്റു. അവിടെ നിന്നോടി ഇതേ നായ നൂറു മീറ്റർ മാറി തത്തപ്പിള്ള തോപ്പിൽ മാത്യസഹോദരിക്കൊപ്പം നിൽക്കുക ആയിരുന്ന ലിബിന്റെ മകൻ മുന്നു വയസ്സുള്ള ഹനോക്കിനെ കടിച്ചു. ആദ്യം മാതൃ സഹോദരിയെ അക്രമിച്ചപ്പോൾ കടിയേറ്റത് വസ്ത്രത്തിൽ ആയിരുന്നു. ഇവർ കുതറി മാറിയതോടെ ആണ് ഹനോക്കിനു നേർക്ക് തിരിഞ്ഞത്. മുഖത്തും കണ്ണിലും കടിയേറ്റു. നായയെ പ്രദേശവാസികൾ തല്ലിക്കൊന്നു. പൊയ്പ്പള്ളിവിളാകത്ത് റോഡിൽ അന്തോണീസിന്റെ മകൻ അലൻഷോ (4)നെ നായ ഒാടിച്ചിട്ട് കടിച്ചതും തിങ്കൾ വൈകിട്ടാണ്. ദേഹമാസകലം പരുക്കേറ്റിട്ടുണ്ട്.
