വെഞ്ഞാറമൂട്: കോലിയക്കോട് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു റോഡിലേക്ക് വീണു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. തിരക്കുപിടിച്ച റോഡിൽ വാഹനങ്ങൾ കടന്നുപോകവേയാണ് പോസ്റ്റ് റോഡിലേക്ക് പതിച്ചത്. ലൈൻ കമ്പി ഒരു കാറിനു മുകളിലേക്ക് വീണു. സ്കൂട്ടറിൽ സഞ്ചരിച്ചു വന്ന രണ്ടുപേർ റോഡിലേക്ക് തെറിച്ചു വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇലക്ട്രിക് പോസ്റ്റ് വാഹനങ്ങൾക്ക് മുകളിൽ വീഴാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വെഞ്ഞാറമൂട് പോലീസും ഫയർ ഫോഴ്‌സും കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അപകട സാധ്യത ഒഴിവാക്കി. വലിയ ടോറസ് വാഹനത്തിൽ പോസ്റ്റിലെ കേബിൾ കുരുങ്ങിയെന്നും ടോറസ് മുന്നോട്ട് പോയപ്പോഴാണ് പോസ്റ്റ് ഒടിഞ്ഞു വീണതെന്നും നാട്ടുകാർ പറയുന്നു.
