പോസ്റ്റ്‌ കോവിഡ്: മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് കള്ളിക്കാട് ഗ്രാമപഞ്ചായത്ത്

2020-04-13T112813Z_240822253_RC2N3G9XHW3Z_RTRMADP_3_HEALTH-CORONAVIRUS-SOUTHASIA (1)-1586798123

കള്ളിക്കാട് :കോവിഡിന് ശേഷമുള്ള ശാരീരിക പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ പദ്ധതിയുമായി കള്ളിക്കാട് ഗ്രാമപഞ്ചായത്ത്. കോവിഡ് വന്നശേഷം രോഗികളിൽ ഉള്ള ശാരീരിക, മാനസിക പ്രശ്നങ്ങൾ പരിഹരിക്കാനും പഠിക്കുന്നതിനുമായി വിദഗ്ധ ഡോക്ടർമാരെ മുൻനിർത്തി പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ് കള്ളിക്കാട് ഗ്രാമപഞ്ചായത്ത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യ മെഡിക്കൽ ക്യാമ്പും കള്ളിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ നിർവഹിച്ചു.

 

കള്ളിക്കാട് ഗ്രാമപഞ്ചായത്തും നെയ്യാർ ഡാം കുടുംബാരോഗ്യ കേന്ദ്രവും ഹെൽത്ത് ആക്ഷൻ ബൈ ദ പീപ്പിൾ എന്ന സംഘടനയുമായി ചേർന്നാണ് പഞ്ചായത്തിൽ കോവിഡിനു ശേഷമുള്ള ശാരീരിക മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി ഒരു സർവ്വേ നടത്തിയത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശ വർക്കർമാരെ ഉൾപ്പെടുത്തി പഞ്ചായത്തിൽ കോവിഡ് വന്നുപോയ 1360 പേരിലാണ് സർവ്വേ നടത്തിയത്. ഇതിൽ 250 പേരിൽ മാരകമായ പോസ്റ്റ് കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

 

തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഈ ക്യാമ്പിലൂടെ ജനങ്ങൾക്ക് ലഭിച്ചു. ആദ്യഘട്ടത്തിൽ 50 പേരെ മാത്രമാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ക്യാമ്പിന്റെ അടിസ്ഥാനത്തിൽ തുടർ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.

 

കേരളത്തിൽ ആകെ മൂന്നര ലക്ഷത്തോളം ആളുകൾ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ സേവനം തേടുന്നുണ്ടെന്ന് ക്യാമ്പിന് നേതൃത്വം നൽകിയ തൃശ്ശൂർ മെഡിക്കൽ കോളേജിലെ പൾമണറി മെഡിസിൻ വിഭാഗം ഡോക്ടർ സജീവ് നായർ പറയുന്നത്. എന്നാൽ ഇത്തരം ക്ലിനിക്കുകളിലൂടെ ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രശ്നങ്ങൾ കണ്ടു പിടിക്കാൻ സാധിക്കുന്നില്ലെന്നും ക്യാമ്പുകളിലൂടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

 

ക്യാമ്പുകളിൽ പങ്കെടുക്കുന്ന രോഗികൾക്ക് തുടർ ചികിത്സകൾ ആവശ്യമാണെങ്കിൽ സൗജന്യമായി മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നും മറ്റു പഞ്ചായത്തുകളും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!