തിരുവനന്തപുരം : ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിൽ രാജ്യത്ത് ആദ്യമായി ഫോണ്ടാൻ ക്ളിനിക് ഒ.പി തുറന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരി ഉദ്ഘാടനം ചെയ്തു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 10 പേർ ആദ്യദിനം ഒ.പിയിലെത്തി. കുട്ടികളിൽ ജന്മനായുണ്ടാകുന്ന സങ്കീർണമായ യൂണിവെൻട്രിക്കുലാർ ഹൃദ്രോഗങ്ങൾ (ഹൃദയ അറകളുടെ അഭാവം) പരിഹരിക്കാൻ ഏഴുവയസിനിടെ മൂന്നുഘട്ടമായാണ് ഫോണ്ടാൻ ശസ്ത്രക്രിയ ചെയ്യുന്നത്. ഫോണ്ടാൻ ശസ്ത്രക്രിയ്ക്ക് വിധേയരാകുന്നവരുടെ തുടർ ചകിത്സയ്ക്ക് പ്രാധാന്യം നൽകിയാണ് ഒ.പി ആരംഭിച്ചത്. നിലവിൽ ഈ ശസ്ത്രക്രിയ കഴിയുന്നവർ ക്രമമായ ഇടവേളകളിൽ ഡോക്ടറെ കാണുന്ന പതിവില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ മറ്റ് ഹൃദ്രോഗികളപ്പോലെ കാർഡിയോളജി ഒ.പികളെയാണ് ആശ്രയിക്കുന്നത്. ഈ പ്രശ്നത്തിലാണ് പരിഹാരമായാണ് ഫോണ്ടാൻ ക്ലിനിക്ക് ആരംഭിച്ചത്.എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മുതൽ 11 വരെയാണ് ക്ളിനിക്. കാർഡിയോളജി വിഭാഗത്തിന് കീഴിലുള്ള പീഡിയാട്രിക് കാർഡിയോളജി വിഭാഗമാണ് ഫോണ്ടാൻ ഒ.പി പ്രവർത്തിക്കുന്നത്. മുൻകൂട്ടി ബുക്ക് ചെയ്ത് ഡോക്ടറെ കാണണം.കാർഡിയോളജി വിഭാഗം മേധാവി ഡോ. കൃഷ്ണമൂർത്തി കെ.എം. കാർഡിയോളജി വിഭാഗം അസിസ്റ്റൻഡ് പ്രൊഫ. ഡോ. അരുൺ ഗോപാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം.
