മണലി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം : ആനപ്പാറ- മണലി പാലം തുറന്നു

IMG_20220929_204214

വിതുര:സുരക്ഷിതമായ യാത്രാ മാർഗമെന്ന മണലി നിവാസികളുടെ സ്വപ്നത്തിന് ഒടുവിൽ പരിഹാരം. വിതുര പഞ്ചായത്തിലെ ആനപ്പാറ- മണലി പാലം തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അവികസിതവും പിന്നാക്കവുമായ പ്രദേശങ്ങളുടെ വികസനത്തിനായി നടത്തുന്ന കൂട്ടായ ഇടപെടലുകളുടെ തെളിവാണ് ഇത്തരം നിർമ്മാണ പ്രവർത്തികളെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ താല്പര്യം മുൻനിർത്തി പ്രവർത്തിക്കുമ്പോൾ അസാധ്യമായ കാര്യങ്ങൾ സാധ്യമാകുമെന്നും പുതിയ വികസന സംസ്കാരം സംസ്ഥാനത്ത് സംജാതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതുര പഞ്ചായത്തിൽ നിർമ്മിക്കുന്ന പൊതുശ്മശാനത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷനായിരുന്നു.

 

നബാർഡ്, അരുവിക്കര എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് 2.10 കോടി ചെലവിലാണ് വാമനപുരം നദിക്ക് കുറുകെ പാലം നിർമ്മിച്ചത്. വിതുര ഗ്രാമപഞ്ചായത്തിലെ ദേവിയോട്, ആനപ്പാറ,മണലി, പൊന്നാംകുണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. പഞ്ചായത്തിൽ ഏറ്റവുമധികം ഊരുകളുള്ള മണലി വാർഡിലേക്കുള്ള ഏക യാത്രാ മാർഗമായ പാലം യാഥാർത്ഥ്യമായതോടെ ഊര് ജനതയുടെ യാത്രാക്ലേശത്തിനും പരിഹാരമായി.

 

തെങ്കാശി പാതയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വിതുര ടൗണിൽ കയറാതെ തന്നെ ഈ വഴി പൊന്മുടിയിലേക്കും യാത്ര ചെയ്യാം. വിതുര തെന്നൂർ റോഡുകളെ ബന്ധിപ്പിക്കുന്ന പൊന്നാംചുണ്ട് പാലം മഴയിൽ അപകടാവസ്ഥയിൽ ആയതിനാൽ യാത്ര നിരോധിച്ചിരിക്കുകയാണ്. മണലി പാലം തുറന്നതോടെ ഒരു പരിധി വരെ ഈ മേഖലയിലെ യാത്രാ പ്രശ്നങ്ങൾക്കും പരിഹാരമാകും.

 

വിതുര ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുശ്മശാനം നിർമ്മിക്കുന്നത്. തൊളിക്കോട്, ആര്യനാട് എന്നീ ഗ്രാമപഞ്ചായത്തുകൾക്ക് കൂടി പ്രയോജനകരമാം വിധമാണ് ശ്മശാനം നിലവിൽ വരുന്നത്. മലയോര- ആദിവാസി മേഖലയിൽ സ്ഥലപരിമിതി മൂലം ശവസംസ്കാര ചടങ്ങുകൾക്ക് ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ശ്മശാനത്തിന്റെ പ്രവർത്തനം ഏറെ സഹായകമാകും. ആറുമാസത്തിനുള്ളിൽ ശ്മശാനത്തിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!