വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ എൻജിൻ കേടായി കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെ മറൈൻ ആംബുലൻസ് രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശിയായ ക്ലീറ്റസിന്റെ ഫാത്തി മാതാവ് എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ പുതിയതുറ ആൻഡ്രൂസ്(58), സൊർലിംഗ് (58 ), തമിഴ്നാട് സ്വദേശി ബെൻസിഗർ (65) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പുല്ലുവിള ഭാഗത്തുവച്ച് എൻജിൻ കേടായ വിവരമറിഞ്ഞ് മറൈൻ ആംബുലൻസ് എത്തി മത്സ്യത്തൊഴിലാളികളെ കരയ്ക്കെത്തിക്കുകയായിരുന്നു. വള്ളം, വല, എൻജിൻ എന്നിവ കെട്ടിവലിച്ചു കരയിൽ എത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് വിഴിഞ്ഞം സി .പി .ഒ അനിൽ ,ലൈഫ് ഗാർഡുമാരായ വിൽസൺ, ഷാജഹാൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
