തിരുവനന്തപുരം: നഗരപരിധിയിലെ നദികളുടെയും ജലാശയങ്ങളുടെയും സംരക്ഷണത്തിനായി നഗരസഭയിൽ പ്രത്യേക എൻജിനിയറിംഗ് വിഭാഗത്തിന് രൂപം നൽകണമെന്ന് കരട് മാസ്റ്റർപ്ളാനിൽ നിർദ്ദേശം. മാസ്റ്റർപ്ളാനിലെ ദുരന്ത നിവാരണ പദ്ധതിയിലാണ് നിർദ്ദേശം ഉൾപ്പെടുത്തിയിരിക്കുന്നത്.ജലാശയങ്ങൾ ദിനംപ്രതി മലിനമാകുന്ന സാഹചര്യത്തിലാണിത്. ഈ രീതി തുടർന്നാൽ ജലാശയങ്ങൾ ഭാവിയിൽ പൂർണമായി മലിനമാകുമെന്ന വിലയിരുത്തലിലാണ് പുതിയ നടപടി. നഗരസഭയിൽ രൂപീകരിക്കുന്ന പ്രത്യേകവിഭാഗം ജലാശയ സംരക്ഷണത്തിന് മാത്രമുള്ളതാകണമെന്നാണ് തീരുമാനം. ഓരോ പ്രദേശത്തെയും ജലാശയങ്ങൾ സോണുകൾ തിരിച്ച് വിഭാഗം മേൽനോട്ടം നടത്തണമെന്നും ജലാശയങ്ങളുടെയും നദികളുടെയും സംരക്ഷണത്തിനായി പുതിയ പദ്ധതികൾ കണ്ടെത്തണമെന്നും നിർദ്ദേശമുണ്ട്. മലിനമാകാതെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഈ വിഭാഗത്തിനുണ്ട്.
