തിരുവനന്തപുരം :കഴിഞ്ഞ ദിവസം വിഴിഞ്ഞത്ത് നിന്നും മത്സ്യബന്ധനത്തിന് പോയി വള്ളം മറിഞ്ഞ് കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ഒക്ടോബർ മൂന്നിന് വൈകുന്നേരത്തോടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് അപകടത്തിൽ പെടുന്നത്. രണ്ട് പേരെ ചെറു ബോട്ടുകളിൽ എത്തിയവർ രക്ഷപ്പെടുത്തി. എന്നാൽ ക്ളീറ്റസ്, ചാർളി എന്നിവർ തകർന്ന ബോട്ടിൽ അകപ്പെടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ വിഭാഗം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും മറൈൻ എൻഫോഴ്സ്മെന്റ്, തീരദേശ പോലീസ്, തീരസംരക്ഷണസേന തുടങ്ങിയവരുടെ സേവനം ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെ മുതൽ തന്നെ തിരച്ചിൽ തുടങ്ങി. കാണാതായ മത്സ്യത്തൊഴിലാളികളുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ തമിഴ്നാട് സർക്കാരിന് കൈമാറുകയും ചെയ്തു . ഈ വിവരങ്ങൾ മത്സ്യത്തൊഴിലാളികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം തീരസംരക്ഷണസേനയുടെ നിരീക്ഷണ കപ്പലിന് പുറമേ ഡോർണിയർ വിമാനവും ഒരു ഹെലികോപ്റ്ററും തിരച്ചിലിലെത്തി. കാണാതായ മത്സ്യതൊഴിലാളികളെ ഇന്ന് രാവിലെ കന്യാകുമാരിക്കടത്തു നിന്നും തമിഴ്നാട്ടിലെ മത്സ്യതൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു . ഇവർ സഞ്ചരിച്ചിരുന്ന വള്ളവും വലയും കണ്ടെത്തുകയും ചെയ്തു. രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരെ നാട്ടിലെത്തിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
