ആറ്റിങ്ങൽ:ബൈക്കിലെ ഹോൺ മുഴക്കിയതിന്റെ പേരിൽ യുവാവിനെയും രണ്ടര വയസ്സുള്ള മകളെയും ഓട്ടോ ഡ്രൈവർ മർദ്ദിച്ചതായി പരാതി. എന്നാൽ ഇത് സംബന്ധിച്ച്, പരാതി നൽകിയിട്ടും ആറ്റിങ്ങൽ പോലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് യുവാവ് റൂറൽ എസ്പിക്ക് പരാതി നൽകി. ആറ്റിങ്ങൽ കോരാണി സ്വദേശി ബിജുവാണ് പരാതി നൽകിയത്. കഴിഞ്ഞമാസം 26ന് വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ പാലസ് റോഡിലായിരുന്നു സംഭവം. രണ്ടര വയസ്സുള്ള മകളെ സ്കൂളിൽനിന്ന് ബൈക്കിൽ കൊണ്ടുവരുമ്പോൾ ഫോൺ അടിച്ചതിന്റെ പേരിൽ ഓട്ടോറിക്ഷ ഡ്രൈവർ വഴക്കുണ്ടാക്കി എന്നും ബൈക്കിടിച്ചിടാൻ ശ്രമിച്ചുമെന്നുമാണ് ആറ്റിങ്ങൽ പോലീസിൽ പാരാതി നൽകിയത്. ആക്രമണത്തിൽ രണ്ടര വയസ്സുള്ള കുട്ടിക്ക് കൂടി പരിക്കേറ്റിട്ടും വഴിയരികിൽ അടിപിടി ഉണ്ടാക്കിയതിനാണ് പോലീസ് കേസ് എടുത്തതെന്നും ബിജു റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. മാത്രമല്ല വൈകുന്നേരം 4അര മണി മുതൽ 8 മണി വരെ രണ്ടര വയസ്സുള്ള കുട്ടിയെ ഉൾപ്പെടെ പോലീസ് സ്റ്റേഷനിൽ നിർത്തിയിരുന്നതായും പരാതിയിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് ആറ്റിങ്ങൽ പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല എന്നും ആരോപിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിജു റൂറൽ എസ് പിക്ക് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
