തിരുവനന്തപുരം :മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്യാമ്പയിന്റെയും ഗാന്ധി ജയന്തി വാരാഘോഷത്തിന്റെയും ഭാഗമായി ‘നോ ടു ഡ്രഗ്സ്’ എന്ന സന്ദേശവുമായി തിരുവനന്തപുരം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശയാത്ര ശ്രദ്ധേയമായി. മ്യൂസിയം വോക്ക് വേയില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്ത സന്ദേശയാത്ര അട്ടക്കുളങ്ങര ചാല സെൻട്രൽ സ്കൂളിന് മുന്നിലും ശംഖുമുഖത്തും പരിപാടികൾ അവതരിപ്പിച്ചു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളിൽ നിന്നും ചലച്ചിത്ര താരങ്ങൾ പിന്മാറണമെന്നും ലഹരി വിരുദ്ധ പ്രചരണത്തിൽ താരങ്ങൾ കൂടുതൽ പങ്കാളികളാകണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലെ ശ്രദ്ധേയ രംഗങ്ങളും പ്രശസ്ത സിനിമാ താരങ്ങളുടെ ലഹരി വിരുദ്ധ സന്ദേശവുമടങ്ങിയ വീഡിയോ പ്രദര്‍ശനം, ഫ്ളാഷ് മോബ് എന്നിവ സന്ദേശയാത്രയുടെ മുഖ്യആകര്‍ഷണമായി. ചലച്ചിത്രതാരങ്ങളായ മോഹന്‍ലാല്‍, മുരളി ഗോപി, മണിയന്‍പിള്ള രാജു, അരിസ്റ്റോ സുരേഷ് എന്നിവരുടെ ലഹരി വിരുദ്ധ സന്ദേശമാണ് പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് ലഹരിവിരുദ്ധ സന്ദേശവുമായി ന്യൂജെന്‍ ഗാനങ്ങള്‍ കോര്‍ത്തിണക്കി ‘ഷാ ബ്രോസ്’ അവതരിപ്പിച്ച ഫ്ളാഷ് മോബും അരങ്ങേറി. രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ സന്ദേശ യാത്രയുടെ ഭാഗമായി.