‘മാലിന്യ മുക്തം എന്റെ കാട്ടാക്കട’: ആദ്യ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

IMG-20221008-WA0051

കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തെ മാലിന്യ മുക്തമാക്കാനുള്ള ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ മാലിന്യ മുക്തം എന്റെ കാട്ടാക്കട’ ശുചീകരണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ശേഖരിച്ച മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറി. മാലിന്യം നീക്കം ചെയ്യാനെത്തിയ ആദ്യ വാഹനം ഐ.ബി.സതീഷ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. ആറ് പഞ്ചായത്തുകളിൽ നിന്നു ശേഖരിച്ച 15 ടൺ ചെരുപ്പും ബാഗുമാണ് ഇതുവരെ നീക്കം ചെയ്തത്. കാട്ടാക്കട നിയോജക മണ്ഡലത്തെ മാലിന്യ വിമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് മുഴുവൻ ജനങ്ങളുടെയും കൂട്ടായ പിന്തുണയാണ് ലഭിക്കുന്നതെന്ന് എം. എൽ. എ പറഞ്ഞു. മികച്ച പ്രവർത്തനം കാഴ്ച്ചവച്ച ഗ്രാമ പഞ്ചായത്തിനെയും ഹരിത കർമ്മ സേന അംഗങ്ങളെയും ചടങ്ങിൽ എം.എൽ.എ ആദരിച്ചു.

 

ഒക്ടോബർ 15 ന് തുണിത്തരങ്ങൾ, 22 ന് ചില്ല് മാലിന്യങ്ങൾ, 29ന് ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ഇതിനായി മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തിലും ഓരോ കളക്ഷൻ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ കുടുംബശ്രീ, അയൽക്കൂട്ടങ്ങളിലും ശുചിത്വമിഷൻ പരിശീലനം ലഭിച്ച കുടുംബശ്രീ റിസോഴ്സ് പേഴ്സൺ, എ.ഡി.എസ് പ്രവർത്തകർ എന്നിവർ മുഖേന മാലിന്യ ശേഖരണ ക്യാമ്പയിനെകുറിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ റസിഡന്റ്‌സ് അസോസിയേഷനുകളും ക്യാമ്പയിനിൽ പങ്കാളികളാണ്. റസിഡന്റ്‌സ് അസോസിയേഷൻ തലത്തിലും വാർഡ് തലത്തിലും ശേഖരിച്ച വസ്തുക്കൾ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ് കളക്ഷൻ കേന്ദ്രത്തിൽ എത്തിച്ചത്.

 

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, ഹരിത കർമ്മ സേന എന്നിവരുടെ സഹകരണത്തോടെ ബഹുജന പങ്കാളിത്തം ഉറപ്പാക്കിയാണ് ശുചീകരണ യജ്ഞത്തിനു രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട്. ഉപയോഗ ശൂന്യമായ ചെരിപ്പ്, ബാഗ്, തുണി, ഗ്ലാസ്, ഇ-വേസ്റ്റ്, ബൾബ്, ട്യൂബ് ലൈറ്റ് എന്നിവ ഒരു സ്പെഷ്യൽ ഡ്രൈവിലൂടെ ശേഖരിച്ചു നിശ്ചിത കേന്ദ്രത്തിൽ എത്തിച്ചാണ് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നത്. ഒക്ടോബർ 2ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ നവംബർ 1 വരെ തുടരും.

 

വിളവൂർക്കൽ നടന്ന മണ്ഡലതല ഉദ്ഘാടന ചടങ്ങിൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലാലി മുരളി അധ്യക്ഷയായി. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ, ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി.കെ.സുരേഷ്‌കുമാർ, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഫൈസി. എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular