ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി: 406 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

IMG_20221010_200937_(1200_x_628_pixel)

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനവും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇതനുസരിച്ച് സംസ്ഥാനത്തെ മുഴുവന്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സോ രജിസ്‌ട്രേഷനോ ഉറപ്പ് വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

 

സെപ്റ്റംബര്‍ മാസം 26 മുതല്‍ നടന്ന പരിശോധനയില്‍ 5764 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 406 സ്ഥാപനങ്ങള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതായി കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ സ്വമേധയാ തന്നെ നിര്‍ത്തിവച്ചു. ഇതുള്‍പ്പെടെ 564 സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് നോട്ടീസ് നല്‍കി. ഭക്ഷ്യ വസ്തുക്കളുടെ 70 സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഉടന്‍ തന്നെ ലൈസന്‍സോ രജിസ്‌ട്രേഷനോ നേടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകള്‍ ശക്തമാക്കി. ഷവര്‍മ്മ നിര്‍മ്മാണത്തിന് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടി. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular