നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ വയോധികനു തെരുവ് നായയുടെ കടിയേറ്റു. നിലമേൽ കല്ലുവിള വിഷ്ണു ഭവനിൽ കെ.ഓമലന് (60) ആണ് ഇന്നലെ രാവിലെ പത്തരയോടെ കടിയേറ്റത്. മുറിവ് ആഴത്തിൽ ആയതിനാൽ, ആന്റി റേബീസ് വാക്സിൻ നൽകിയ ശേഷം, സിറം കുത്തി വയ്ക്കാൻ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. ജനറൽ ആശുപത്രിയിലെ ദന്തൽ വിഭാഗത്തിനു മുന്നിലാണ് സംഭവം.പിന്നിലൂടെ എത്തിയ കറുത്ത നായ ഓമലന്റെ ഇടതു കാൽ മുട്ടിനു താഴെ കടിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരും കൂട്ടിരിപ്പുകാരും കല്ലുകളും വടികളും ആയി നേരിട്ടപ്പോൾ ആണ് നായ ഓടി മറഞ്ഞത്.സ്വകാര്യ ആശുപത്രിയിൽ നിന്ന് രണ്ടുപല്ലുകൾ എടുത്തതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇദ്ദേഹത്തിന് അടുത്ത ആഴ്ച മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി വായ ക്ലീൻചെയ്യാനാണ് നെയ്യാറ്റിൻകര ആശുപത്രിയിലെത്തിയത്.
