നെയ്യാറ്റിൻകര: സഹപാഠി നൽകിയ പാനീയം കുടിച്ച ആറാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സിബിസിഐഡി അന്വേഷണം തുടങ്ങി. കന്യാകുമാരി ജില്ല സിബിസിഐ ഡി ഇൻസ്പെക്ടർ പാർവതിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കളിയിക്കാവിള പൊലീസ് നടത്തിവന്ന അന്വേഷണം കഴിഞ്ഞ ദിവസമാണ് സിബിസിഐഡിക്ക് കൈമാറിയത്. സംഘം ഇന്നലെ രാവിലെ ബന്ധപ്പെട്ട സ്കൂളിൽ എത്തി അന്വേഷണം നടത്തി.കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിൽ–സോഫിയ ദമ്പതികളുടെ മകൻ അശ്വിനാണ് (11) സഹപാഠി നൽകിയ പാനീയം കുടിച്ചതിനെത്തുടർന്ന് ആന്തരിക അവയവങ്ങൾക്ക് പൊള്ളലേറ്റു നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞദിവസം മരിച്ചത്. ഇതിനിടെ വിദ്യാർഥിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് രണ്ടാം ദിവസവും ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങിയില്ല.
