തിരുവനന്തപുരം: മാസങ്ങളായി പൂട്ടിക്കിടക്കുന്ന വേളിയിലെ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ഫാക്ടറി തുറക്കും. മന്ത്രിമാരായ പി. രാജീവ്, വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ കമ്പനി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പരിസ്ഥിതി അനുമതി ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ ഫാക്ടറി പ്രവർത്തനം ആരംഭിക്കും.ഫാക്ടറി തുറക്കുന്നതിന് മുന്നോടിയായി കമ്പനി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിൽ മനുഷ്യ വിഭവശേഷി വിനിയോഗം സംബന്ധിച്ച വിശദ വിവരങ്ങളുണ്ടാകും. ഇക്കാര്യത്തിൽ ലേബർ കമ്മിഷണറുമായും തൊഴിലാളി സംഘടനകളുമായും വിശദമായ ചർച്ച നടത്തും. സ്ഥിരം തൊഴിലാളികൾക്ക് തുടക്കം മുതലും അവശേഷിക്കുന്ന തൊഴിലാളികൾക്ക് ഘട്ടം ഘട്ടമായും കമ്പനി തൊഴിൽ നൽകും.
