തിരുവനന്തപുരം: ഓൺലൈനിൽ ജോലി അന്വേഷിച്ച യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ കാപ്പുങ്കൽ വീട്ടിൽ മുഹമ്മദ് സോജിൻ (35) പിടിയിലായി. യുവതിയെ വാട്സാപ് നമ്പർ വഴി പരിചയപ്പെട്ട ഇയാൾ ജോലി ആവശ്യത്തിനെന്ന പേരിൽ വ്യാജ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യിപ്പിച്ചു. ഇതിനൊപ്പം ജോലിക്കു വേണ്ട വിവിധ ഉൽപന്നങ്ങൾ വാങ്ങണമെന്നും പറഞ്ഞു. ഈ സാധനങ്ങൾ വാങ്ങാൻ എന്ന പേരിൽ പലതവണകളായി 4.70 ലക്ഷംരൂപ ഇയാൾ തട്ടിയെടുത്തു. ജോലി ലഭിക്കാതെ വന്നതോടെ യുവതി സിറ്റി സൈബർ ക്രൈം പൊലീസിൽ പരാതിപ്പെട്ടു.
								
															
															