കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത് ലഹരിവിരുദ്ധ ശൃംഖല

IMG-20221022-WA0047

തിരുവനന്തപുരം :ലഹരിക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ‘നോ ടു ഡ്രഗ്‌സ്’ ക്യാമ്പയിനിന്റെ ഒന്നാം ഘട്ട പ്രചാരണങ്ങളുടെ സമാപനം കുറിച്ച് കേരളപ്പിറവി ദിനത്തില്‍ തലസ്ഥാന നഗരിയില്‍ ലഹരിവിരുദ്ധ ശൃംഖല തീര്‍ക്കും. ജില്ലയിലെ വിവിധ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, അധ്യാപകരും, കുടുംബശ്രീ പ്രവര്‍ത്തകരും സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും അണിചേരുന്ന ശൃംഖലയില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രമുഖ വ്യക്തികളും കണ്ണികളാകും. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി പ്രതീകാത്മകമായി ലഹരിമരുന്നുകള്‍ കത്തിക്കും. ശേഷം പാളയം യൂണിവേഴ്‌സിറ്റി കോളേജില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും. ലഹരിക്കെതിരെ കേരളത്തിന്റെ യുദ്ധപ്രഖ്യാപനമായിട്ടാണ് ലഹരിവിരുദ്ധ ശൃംഖലയൊരുക്കുന്നത്.

 

ഇതിന് പുറമെ കേരളപ്പിറവി ദിനത്തില്‍ വൈകുന്നേരം മൂന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ശൃംഖല തീര്‍ക്കാനും പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ധാരണയായി. നിയമങ്ങള്‍ക്കോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ മാത്രം സമൂഹത്തില്‍ നിന്നും ലഹരിയെ പൂര്‍ണമായും തുടച്ചുനീക്കാനാവില്ലെന്നും അതിന് ജനപങ്കാളിത്തത്തോടെയുള്ള കൂട്ടായ പരിശ്രമങ്ങളാണ് ആവശ്യമെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ജനകീയാസൂത്രണം, സാക്ഷരത, കുടുംബശ്രീ, പകര്‍ച്ച വ്യാധി നിര്‍മാര്‍ജനം തുടങ്ങിയവ കൂട്ടായ പരിശ്രമത്തിലൂടെ വന്‍വിജയമാക്കിയ ചരിത്രം കേരളത്തിന് മുന്നിലുണ്ട്. അതേ മാതൃകയില്‍ ലഹരി നിര്‍മാര്‍ജനത്തിനും എല്ലാവരുടെയും കൂട്ടായ പരിശ്രമമമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിവിരുദ്ധ ശൃംഖലയുടെ ചിട്ടയായ നടത്തിപ്പിന് മന്ത്രിമാരായ ആര്‍.ബിന്ദു, വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ രക്ഷാധികാരികളായും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ എസ്.ആര്യാ രാജേന്ദ്രന്‍ ചെയര്‍മാനായും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് വൈസ് ചെയര്‍മാനായും സംഘാടക സമിതി രൂപീകരിച്ചു. മറ്റു ബന്ധപ്പെട്ടവരെല്ലാം സമിതിയില്‍ അംഗങ്ങളാണ്

 

പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലെ ഗാന്ധി പ്രതിമക്കുമുന്നില്‍ നിന്നും തുടങ്ങുന്ന ലഹരി വിരുദ്ധ ശൃഖല സംസ്ഥാനത്തെ ഏറ്റവും വലിയ മനുഷ്യശൃംഖലയാക്കി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍.സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ എസ്.പി.സി, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കേഡറ്റുകളും എന്‍.സി.സി വാളണ്ടിയര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും രാഷ്ട്രീയ സാമുദായിക, മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും ശൃംഖലയില്‍ കണ്ണികളാകും. യോഗത്തില്‍ കോര്‍പറേഷന്‍ മേയര്‍ എസ്.ആര്യാ രാജേന്ദ്രന്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷന്മാരായ എസ്.സലിം, ഡി.ആര്‍ അനില്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular