ചിറയിൻകീഴ്: ചിറയിൻകീഴിൽ വാഹന പരിശോധനയ്ക്കിടെ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ശാസ്തവട്ടം ചിലമ്പിൽ വിളയിൽപുത്തൻ വീട്ടിൽ അഖിലാണ് (25) പൊലീസ് പിടിയിലായത്. പ്രതി സഞ്ചരിച്ചിരുന്ന വാഹനമായ ഡ്യൂക്ക് ബൈക്കിൽ നിന്നാണ് 10 ചെറിയ പൊതികളിലായി സൂക്ഷിച്ചിരുന്ന 900 മില്ലിഗ്രാം എം.ഡി.എം.എ, 230 മില്ലിഗ്രാം കഞ്ചാവ് ഓയിൽ, വില്പനയിലൂടെ ലഭിച്ച 1920 രൂപ എന്നിവ പൊലീസ് പിടിച്ചെടുത്തത്. സംസ്ഥാന സർക്കാരിന്റെ യോദ്ധാവ് പദ്ധതിയുടെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി ഉപയോഗിച്ചിരുന്ന ഡ്യൂക്ക് ബൈക്കും പൊലീസ് പിടിച്ചെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ശില്പ.ഡി, ആറ്റിങ്ങൽ ഡി.വൈ.എസ്.പി ബിനു, ചിറയിൻകീഴ് ഐ.എസ്.എച്ച്.ഒ ജി.ബി.മുകേഷ് എന്നിവരുടെ നിർദ്ദേശാനുസരണമാണ് ചിറയിൻകീഴ് പൊലീസ് സബ് ഇൻസ്പെക്ടർ ഷാലു.ഡി.ജെ, എ.എസ്.ഐ സുനിൽ, നൂറുൽ അമീൻ, മുനഫിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വില്പനയ്ക്കായി കൊണ്ടുവന്നതാണ് ഈ ലഹരിവസ്തുക്കളെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും പൊലീസ് അധികാരികൾ പറഞ്ഞു.
