വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസ്;ഭർത്താവിന് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും

IMG_20221026_151359_(1200_x_628_pixel)

 

തിരുവനന്തപുരം:ചിറയിൻകീഴ്, അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശാരദ മകൾ ശശികലയെ(46) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടു.കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവ് രാജൻ എന്ന് വിളിക്കുന്ന ലാലു (52) വിനെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജ് കെ.വിഷ്ണു ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലങ്കിൽ 6 മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴ തുക സർക്കാരിലേക്ക് കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.

 

2018 ആഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം.

ശശികലയുടെ സ്വഭാവത്തിൽ

സംശയം തോന്നിയതിനെ തുടർന്നാണ് ഭർത്താവ് രാജൻ ശശികലയെ വീടിനകത്തെ ഹാൾ മുറിയിൽ വച്ച് കുത്തിക്കൊന്നത്.സംഭവദിവസം രാത്രി 8 മണിയോടെ ശശികലയും ഭർത്താവ് രാജനും താമസിച്ചിരുന്ന വീട്ടിൽ നിന്നും ശശികലയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് തൊട്ടടുത്ത വീട്ടിലിരിക്കുകയായിരുന്ന ശശികലയുടെ മക്കളായ 15 വയസ്സായ മകൻ അഭിഷേക് രാജും 13 വയസ്സായ മകൾ ആരഭിയും ഓടി വീട്ടിലെത്തുമ്പോൾ വീടിൻ്റെ അകത്ത് ഹാൾ മുറിയിൽ വച്ച് പ്രതി കൈയ്യിൽ കരുതിയ മൂർച്ചയേറിയ കത്തി കൊണ്ട് ശശികലയുടെ അടിവയറ്റിലും, മുതുകിലും കുത്തുന്നതാണ് കാണുന്നത്.തുടർന്ന് നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി ശശികല മരണപ്പെട്ടു.

 

കൃത്യം നടത്തിയതിന് ശേഷം ഒളിവിൽ പോയ രാജനെ അന്നേ ദിവസം രാത്രി 12 മണിയോടെ ചിറയിൻകീഴ് പോലീസ് പിടികൂടി. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2018 മുതൽ ജുഡീഷ്യൽ കസ്റ്റഡിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. ഇരുവരുടെയും മക്കളായ അഭിഷേകും, ആരതിയുമായിരുന്നു കേസിലെ നിര്‍ണ്ണായക സാക്ഷികള്‍. ഇരുവരും പിതാവിനെതിരെ കോടതിയില്‍ മൊഴി നല്‍കി.

രാജനെ അറസ്റ്റ് ചെയ്തപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളിൽ കണ്ട മനുഷ്യ രക്തം ശശികലയുടേതാണന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത് കേസ്സിൽ നിർണ്ണായക തെളിവായി.

 

കേസിലെ ഒന്നും രണ്ടും സാക്ഷികളായ കൊല്ലപ്പെട്ട ശശികലയുടെ മകൻ അഭിഷേക് രാജിനും, മകൾ ആരഭിക്കും ലീഗൽ സർവ്വീസ് അതോരിറ്റി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

 

പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദ്ദീൻ, അഡ്വ.ദീപ വിശ്വനാഥ്, അഡ്വ: വിനു മുരളി,അഡ്വ:മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി. 14 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 16 രേഖകളും 15 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

 

ചിറയിൻകീഴ് പോലീസ് അന്വേഷിച്ച കേസിൽ സർക്കിൾ ഇൻസ്പെക്ടർ വി.കെ.ശ്രീജേഷ്, സജീഷ് .എച്ച്.എൽ എന്നിവരാണ് കുറ്റപത്രം ഹാജരാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!