തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി കിഴക്കേക്കോട്ട മുതൽ വെള്ളയമ്പലം ജങ്ഷൻ വരെ ചൊവ്വാഴ്ച നടക്കുന്ന സ്കൂൾ കുട്ടികളുടെ മനുഷ്യച്ചങ്ങലയോടനുബന്ധിച്ച് നഗരത്തിൽ ഉച്ചയ്ക്ക് രണ്ടുമുതൽ ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി.കിഴക്കേക്കോട്ട മുതൽ വെള്ളയമ്പലം വരെയുള്ള മെയിൻ റോഡിലും, ഇടറോഡുകളിലും രാവിലെ മുതൽ വാഹന പാർക്കിങ് അനുവദിക്കുന്നതല്ല. അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനം റിക്കവറി വാൻ ഉപയോഗിച്ച് നീക്കംചെയ്ത് നിയമനടപടി സ്വീകരിക്കും.
വെള്ളയമ്പലം ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വെള്ളയമ്പലം- ആൽത്തറ വഴുതക്കാട്, തൈക്കാട്, ചെന്തിട്ട, കിള്ളിപ്പാലം ഭാഗത്തേക്കും, അതുപോലെ തിരിച്ചും പോകേണ്ടതാണ്. പട്ടം ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പട്ടം, കുറവൻകോണം, കവടിയാർ, വെള്ളയമ്പലം, വഴുതയ്ക്കാട് വഴിയും, തിരിച്ചും പോകണം. ശ്രീകാര്യം ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ഉള്ളൂർ, മെഡിക്കൽ കോളേജ്, കണ്ണമ്മൂല, നാലുമുക്ക് വഴി പോകേണ്ടതാണ്.
ചാക്ക ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ ആശാൻ സ്ക്വയർ, അണ്ടർപാസ്സേജ്, പനവിള വഴിയും, അതുപോലെ തിരിച്ചും പോകണം. തമ്പാനൂർ ഭാഗത്തുനിന്ന് കിഴക്കേക്കോട്ട ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ കിള്ളിപ്പാലം അട്ടക്കുളങ്ങര വഴി പോകേണ്ടതാണ്. കിഴക്കേക്കോട്ടയിൽനിന്ന് പേരൂർക്കട, കേശവദാസപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര, കിള്ളിപ്പാലം, തമ്പാനൂർ, പനവിള, ബേക്കറി വഴി പോകേണ്ടതാണ്. കിഴക്കേക്കോട്ടയിൽനിന്ന് ബൈപ്പാസ് വഴി പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര, ഈഞ്ചയ്ക്കൽ വഴി പോകേണ്ടതുമാണ്.
കുട്ടികളുമായി എത്തുന്ന വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര മൈതാനം, പുത്തരിക്കണ്ടം മൈതാനം, സെനറ്റ് ഹാൾ മൈതാനം, യൂണിവേഴ്‌സിറ്റി കോളേജ്, സംസ്കൃത കോളേജ് മൈതാനങ്ങൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജിമ്മിജോർജ് സ്റ്റേഡിയം പാർക്കിങ്, സാൽവേഷൻ ആർമി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.