തിരുവനന്തപുരം :`നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം, നിയമസഭയില്‍ ആയുധധാരികളായ ഭീകരരുടെ നുഴഞ്ഞുകയറ്റം’. ഭീകരവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി തലസ്ഥാന നഗരത്തില്‍ എന്‍.എസ്.ജി സംഘം നടത്തിയ മോക്ഡ്രില്ലിന്റെ തുടക്കം ഇങ്ങനെയായിരുന്നു. സമയം വൈകിട്ട് 3 മണി. സ്ഥലം തമ്പാനൂര്‍ റെയില്‍വേസ്റ്റേഷന്‍. പാര്‍ക്കിംഗ് എരിയയില്‍ ഉഗ്രശബദ്‌ത്തോടെ സ്‌ഫോടനം. മിനുട്ടുകള്‍ക്കുള്ളില്‍ സ്ഥലത്ത് ഉന്നത പൊലീസുദ്യോഗസ്ഥരുള്‍പ്പെടെയുള്ള സംഘം ഇരച്ചെത്തുന്നു. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ആംബുലന്‍സുകള്‍ എന്നിവരുടെ സംഘവും മിനുട്ടുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തുന്നു. സ്ഥലം പരിശോധിക്കുന്നതിനിടയില്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട ബാഗിലെ സ്‌ഫോടകവസ്തു, ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കുന്നു. സ്ഥലത്തെ ഓപ്പറേഷന്‍ കഴിയും മുന്‍പേ സെക്രട്ടറിയേറ്റ് കന്റോണ്‍മെന്റ് ഗേറ്റിന് സമീപവും കിഴക്കേക്കോട്ട മാര്‍ക്കറ്റിലും സമാനമായ ‘സ്ഫോടനങ്ങൾ’. ഈ സ്ഥലങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ അതിദ്രുതം രക്ഷാദൗത്യം തുടങ്ങുന്നു. അല്‍പസമയകത്തിനകം തലസ്ഥാനത്തെ തന്ത്രപ്രധാന കേന്ദ്രമായ വി.എസ്.എസ്.സി യിലും ഭീകരാക്രമണ സൂചന പുറത്തു വരുന്നു.
സമയം വൈകിട്ട് 4 മണി. നിയമസഭാ മന്ദിരത്തിനകത്തേക്ക് ആയുധധാരികളായ പത്തംഗ ഭീകരസംഘം നുഴഞ്ഞുകയറുന്നു. പിറകിലെ ഗേറ്റിന് സമീപം സ്‌ഫോടനശബ്ദം. നിയമസഭാമന്ദിരത്തിനകത്തുള്ള ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഭീകരരുടെ ‘ തടവിൽ’. നിയമസഭാ മന്ദിരത്തിന് മുന്നിലേക്ക് പൊലീസ്, ഫയര്‍ഫോഴ്‌സ്, കമാന്‍ഡോ സംഘങ്ങള്‍ ഇരച്ചെത്തുന്നു. നഗരത്തില്‍ നടന്നത് ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചതോടെ ഭീകരവിരുദ്ധ ദൗത്യത്തിനായി ജില്ലാ ഭാരണകൂടം എന്‍. എസ്. ജി യുടെ സഹായം തേടുന്നു. റെയില്‍വേ സ്‌റ്റേഷനിലെ ആദ്യ സ്‌ഫോടനം നടന്ന് മൂന്ന് മണിക്കുറിനുള്ളില്‍ എന്‍ .എസ് . ജിയുടെ ഭീകരവിരുദ്ധസംഘം തലസ്ഥാനത്തെത്തുന്നു. തുടര്‍ന്ന് വിവിധ സേനകളും എന്‍. എസ് .ജി .യും ചേര്‍ന്നുള്ള രക്ഷാ ദൗത്യം പുരോഗമിക്കുന്നു.
സമയം രാത്രി 8.30. നഗരത്തില്‍ നിരവധിയാളുകള്‍ എത്തിച്ചേരുന്ന ലുലുമാളില്‍ ഡെലിവറി സ്റ്റാഫിന്റെ വേഷത്തില്‍ മൂന്ന് ഭീകരര്‍ പ്രവേശിക്കുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനങ്ങളെയും മാളിലെ ജീവനക്കാരെയും തടഞ്ഞുവെയ്ക്കുന്നു. ഭീകരവിരുദ്ധ ദൗത്യത്തിനായി എന്‍ .എസ് .ജി സംഘം എത്തുന്നു.
എന്‍. എസ് .ജി സംഘം നടത്തിയ മോക്ഡ്രില്ലില്‍ ആറിടങ്ങളിലാണ് ആദ്യ ദിനം ഭീകരവിരുദ്ധ ദൗത്യം നടന്നത്. തലസ്ഥാനത്ത് ഭീകരാക്രമണമുണ്ടായാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയെന്ന് പരിശോധിക്കുകയായിരുന്നു മോക്ഡ്രില്ലിന്റെ ലക്ഷ്യം. ഇത്തരം സാഹചര്യമുണ്ടാകുമ്പോള്‍ വിവിധ വകുപ്പുകള്‍ എങ്ങനെ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും മോക്ഡ്രില്ലിലൂടെ പരിശോധിക്കും. ഞായറാഴ്ചയും വിവിധയിടങ്ങളില്‍ എന്‍ .എസ് . ജി യുടെ മോക്ഡ്രില്‍ നടക്കും.