ചിറയിൻകീഴ്: വനിത ശിശു വികസന വകുപ്പും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച, ഭിന്നശേഷി കുട്ടികളുടെ കലാ -കായിക മാമാങ്കം ‘സർഗോത്സവ് ‘ സബ് കളക്ടർ ഡോ.അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ നടത്തിയ മത്സരങ്ങളിൽ വിജയിച്ച 62 കുട്ടികളാണ് ബ്ലോക്ക് തലത്തിൽ പങ്കെടുത്തത്. വാശിയേറിയ കായിക മത്സരങ്ങളിൽ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കാനായി രക്ഷിതാക്കളോടൊപ്പം പ്രദേശവാസികളും അണിനിരന്നു.
വേദിയിൽ പരിമിതികൾ മറന്ന് കുട്ടികൾ
കലാപ്രകടനങ്ങളിൽ മാറ്റുരച്ചു. വിവിധ ഇനങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളുടെ ആവേശവും രക്ഷിതാക്കളുടെ താല്പര്യവും കണ്ടുനിന്നവരുടെ മനം നിറച്ചു. മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ പഞ്ചായത്ത് ഒരുക്കിയിരുന്നു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി. സി യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. സുഭാഷ് എന്നിവർ ചേർന്ന് നിർവഹിച്ചു.