തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ഗവർണറുടെ ഇടപെടൽ തേടി ബിജെപി. കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരാണ് നാളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്. ഉച്ചയ്ക്ക് 12 നാണ് ഗവർണറുമായുള്ള കൂടിക്കാഴ്ച. 35 ബിജെപി കൗൺസിലർമാരാണ് ഗവർണറെ കാണുന്നത്. അതിനിടെ നിയമന കത്തു വിവാദത്തിൽ സിപിഎം അടിയന്തര ജില്ലാ നേതൃയോഗങ്ങൾ വിളിച്ചു. നാളെ ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. ഈ യോഗങ്ങളിൽ കത്തു വിവാദം ഉൾപ്പെടെ ചർച്ചയാകും. യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കും.
