പാറശ്ശാല: ഷാരോണ്‍ കൊലക്കേസിലെ തെളിവെടുപ്പിനായി ഗ്രീഷ്മയെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 10.40-ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം ഗ്രീഷ്മയുമായി കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലെ വീട്ടിലെത്തിയത്. പോലീസ് വാഹനത്തില്‍ മുഴുവന്‍സമയവും മുഖംമറച്ച് തലകുനിച്ചായിരുന്നു ഗ്രീഷ്മയുടെ ഇരിപ്പ്. തുടര്‍ന്ന് ഗ്രീഷ്മയെ വീടിനകത്തേക്ക് കൊണ്ടുപോയി തെളിവെടുപ്പ് ആരംഭിച്ചു.യുവതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതറിഞ്ഞ് നിരവധിപേര്‍ രാമവര്‍മന്‍ചിറയിലെ വീടിന് സമീപം എത്തിയിരുന്നു. എന്നാല്‍ തമിഴ്‌നാട് പോലീസ് ഇടപെട്ട് ഇവരെയെല്ലാം സ്ഥലത്തുനിന്ന് മാറ്റി.പോലീസ് സീല്‍ ചെയ്ത ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് കഴിഞ്ഞദിവസം അജ്ഞാതര്‍ തകര്‍ത്തിരുന്നു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ടാണ് തകര്‍ത്തനിലയില്‍ കണ്ടെത്തിയത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണോയെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
