കാട്ടാക്കട: ഗൃഹാതുരമായ മലയാള കവിതകൾ ഈണത്തിൽ ചൊല്ലിയും ആവേശം നിറയ്ക്കുന്ന നൃത്ത ചുവടുകളുമായി തകർത്താടിയും കുട്ടികൾ വേദി കയ്യടക്കിയപ്പോൾ ശാരീരിക വെല്ലുവിളികൾ വെറും ഓർമ മാത്രമായി. കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നല്ലൊരു പുഞ്ചിരി’ ഭിന്നശേഷി കലാ- കായികമേള മത്സരാർത്ഥികൾക്കും കാണികൾക്കും ആവേശാനുഭവമായി.
ഭിന്നശേഷിക്കാരായ 79 കുട്ടികളാണ് കലോത്സവത്തിന്റെ ഭാഗമായത് .
പദ്യപാരായണം, ലളിതഗാനം, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം, പ്രശ്ചന്നവേഷം , പെൻസിൽ ഡ്രോയിങ്, കളറിംഗ്, പേപ്പർ കട്ടിംഗ്, പാസ്സിംഗ് ദി ബോൾ, കസേര ചുറ്റൽ, ലെമൺ സ്പൂൺ തുടങ്ങി വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിന്റെയും ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം കലാപ്രകടനങ്ങളിലൂടെയും ജനപങ്കാളിത്തത്തോടെയും ഏറെ ശ്രദ്ധേയമായി. മത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികൾക്കുള്ള സമ്മാനവും, മറ്റ് മത്സരാർത്ഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും,സർട്ടിഫിക്കറ്റും വിതരണം ചെയ്തു.