തിരുവനന്തപുരം :പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രസിദ്ധീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിച്ചല്‍ മണ്ണാംകോണം ആദിവാസി സെറ്റില്‍മെന്റ് കോളനിയില്‍ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വ്വഹിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍, ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന ‘ചൊല്ലറിവ്’ പരിപാടിയില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അധ്യക്ഷനായി. കുറ്റിച്ചല്‍ പഞ്ചായത്തിലെ 209 പൊടിയം ബൂത്തിന്റെ കരട് വോട്ടര്‍ പട്ടിക വാര്‍ഡ് മെമ്പര്‍ ശ്രീദേവി സ്വീകരിച്ചു. വോട്ട് ഇരട്ടിപ്പ് തടയുക, വോട്ടര്‍ പട്ടിക സംശുദ്ധമാക്കുക എന്നിവ ലക്ഷ്യമിട്ടാണ് വോട്ടര്‍ പട്ടിക പുതുക്കുന്നത്. പട്ടിക സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും ഡിസംബര്‍ എട്ടാം തിയതിക്ക് മുന്‍പായി പരിഹരിക്കും.
മണ്ണാംകോണം ആദിവാസി സെറ്റില്‍മെന്റിലെ സാംസ്‌കാരിക നിലയത്തില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കല്‍ എന്നിവയ്ക്കായി പ്രത്യേക ക്യാമ്പും സംഘടിപ്പിച്ചു. കൂടാതെ ഗോത്രവര്‍ഗ്ഗക്കാരും നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലെ ഇലക്ടറര്‍ ലിറ്ററസി ക്ലബ് അംഗങ്ങളുമായുള്ള സംവാദവും, വിവിധ കാലാപരിപാടികളും നടന്നു. കുറ്റിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠന്‍, ജനപ്രതിനിധികള്‍, ഊര് മൂപ്പന്മാര്‍ തുടങ്ങിയവരും പങ്കെടുത്തു.