മാറനല്ലൂർ:മാറനല്ലൂർ ഗ്രാമപഞ്ചായത്തിലെ കേരഗ്രാമം പദ്ധതി തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തെങ്ങുകളുടെ രോഗം കുറയ്ക്കാനും ഉൽപ്പാദനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സംസ്ഥാനസര്‍ക്കാര്‍ കേരഗ്രാമം പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ഉത്പാദന ക്ഷമത കൂടിയ 30,000 തെങ്ങിൻ തൈകൾ വിതരണം ചെയ്യും.
മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ നാളികേര വികസനം ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തൈകൾ ഉൽപ്പാദിപ്പിക്കാൻ 18 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . 625 ഏക്കറിലായി 43,750ൽ കുറയാത്ത തെങ്ങുകളുള്ള പഞ്ചായത്തുകളെയാണ് തെരഞ്ഞെടുക്കുക. ഒരേക്കറിൽ 175 തെങ്ങുവേണം. ഒരു തെങ്ങ് മുതൽ അഞ്ച് ഹെക്ടർവരെ കൃഷിയുള്ള കർഷകർക്ക് ഈ പദ്ധതിയിൽ ചേരാം. കേരഗ്രാമം പദ്ധതി മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ നാളികേര കൃഷിയിൽ വലിയ തോതിലുള്ള മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.