ഐ, പി.ആര്‍.ഡി
കാട്ടാക്കട:’കാര്‍ബണ്‍ ന്യൂട്രല്‍ കാട്ടാക്കട’ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ 81 പൊതുമേഖല സ്ഥാപനങ്ങളുടെ ഊര്‍ജ്ജ ഓഡിറ്റ് റിപ്പോര്‍ട്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രകാശനം ചെയ്തു. ഊര്‍ജ്ജ സംരക്ഷണം വീടുകളില്‍ നിന്ന് തുടങ്ങണമെന്നും വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു .കാട്ടാക്കട,പള്ളിച്ചല്‍, മലയിന്‍കീഴ് , വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ മന്ത്രിയില്‍ നിന്നും അതത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ഏറ്റുവാങ്ങി.
എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ഊര്‍ജ്ജ ഓഡിറ്റ് നടപ്പാക്കുന്നത്. നിലവിലെ ഊര്‍ജ്ജ വിനിയോഗം വിലയിരുത്തുകയും ഊര്‍ജസംരക്ഷണ മാര്‍ഗങ്ങളിലൂടെ എത്രത്തോളം വൈദ്യുതി ലാഭിക്കാന്‍കഴിയുമെന്ന്കണ്ടെത്തുകയും കാര്‍ബണ്‍ ന്യൂട്രല്‍ ആശയം പ്രാവര്‍ത്തികമാക്കുകയുമാണ് ലക്ഷ്യം. കാട്ടാക്കട മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഊര്‍ജ്ജ ഓഡിറ്റിങ്ങും പൂര്‍ത്തിയായിട്ടുണ്ട്. എല്ലാ പൊതുസ്ഥാപനങ്ങളിലും ഊര്‍ജ്ജ ഓഡിറ്റ് പൂര്‍ത്തീകരിക്കുന്ന ആദ്യ മണ്ഡലമാണ് കാട്ടാക്കട.
തുടര്‍ന്ന് നടന്ന ശില്പശാലയില്‍വീടുകളുടെ ഊര്‍ജ്ജ ഓഡിറ്റും പൊതു സ്ഥാപനങ്ങളില്‍ സോളാര്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടന്നു. ഐ. ബി. സതീഷ് എം. എല്‍. എ അധ്യക്ഷനായ ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദീന്‍ , ഇ. എം. സി ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.