തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലെ 10 ദിവസത്തെ തിരുനാൾ മഹോത്സവം 11ന് കൊടിയേറി 20ന് പൊന്തിഫിക്കൽ ദിവ്യബലിയോടെ സമാപിക്കും. 11ന് വൈകിട്ട് 6.30ന് ഇടവക വികാരി ഡോ.ജോർജ് ജെ.ഗോമസ് കൊടിയേറ്റും. തുടർന്ന് ക്രിസ്തുരാജ പാദപൂജ നടക്കും. തിരുനാൾ ദിവസങ്ങളിൽ ദിവ്യകാരുണ്യ ആരാധനയും സമൂഹദിവ്യബലിയും വചനപ്രഘോഷണങ്ങളും നടക്കും. 13ന് രാവിലെ 10ന് മലങ്കര ആർച്ച് ബിഷപ്പ് ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ സമൂഹദിവ്യബലി നടക്കും. 18ന് വൈകിട്ട് 5.30ന് തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് സമൂഹദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കും. 19ന് വൈകിട്ട് 5ന് തിരുവനന്തപുരം അതിരൂപത ചാൻസലർ ഡോ.സി.ജോസഫിന്റെ നേതൃത്വത്തിൽ സന്ധ്യാവന്ദന പ്രാർത്ഥന നടക്കും. 6.30ന് ക്രിസ്തുരാജ തിരുസ്വരൂപം വഹിച്ചുകാണ്ടുള്ള പ്രദക്ഷിണം നടക്കും. വെട്ടുകാട് നിന്നാരംഭിച്ച് കണ്ണാന്തുറ പള്ളി വഴി കൊച്ചുവേളി പള്ളിയിലെത്തിയ ശേഷം തിരികെ ദേവാലയത്തിലെത്തും. സമാപനദിവസമായ 20ന് വൈകിട്ട് 5.30ന് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ മുഖ്യകാർമ്മികനാകും. തിരുനാളിന് സമാപനം കുറിച്ച് 25ന് വൈകിട്ട് 5.30ന് ഇടവക വികാരി ഡോ.ജോർജ് ജെ.ഗോമസ് കൊടിയിറക്കും.
