തിരുവനന്തപുരം :നഗരസഭയിൽ യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നേരെ ടിയർ ഗ്യാസ് പ്രയോഗം ഉണ്ടായി. പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുരേന്ദ്രൻ. കണ്ണീർ വാതകത്തിനകത്ത് മാരകമായ രാസലായിനികൾ ഉപയോഗിച്ചുകൊണ്ടാണ് പ്രയോഗിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സമരം ശക്തിപ്പെടുമ്പോൾ അതിനെ അടിച്ചമർത്താമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെങ്കിൽ അത് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.എത്ര പൊലീസിനെ ഇറക്കിയാലും നേരിടും. ഇത്രയും മാരകമായ രാസലായിനികൾ ഉപയോഗിച്ച ആക്രമണം സമരചരിത്രത്തിൽ സംസ്ഥാനത്ത് ആദ്യമാണ്. ഞാൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് പരുക്കേറ്റിട്ടുണ്ട്. ആരെയും ആശുപത്രിയിൽ പോലും കൊണ്ടുപോകാൻ പൊലീസ് തയ്യാറായില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.