തിരുവനന്തപുരം :ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര താലൂക്കില്‍ നടന്ന പരാതി പരിഹാര അദാലത്ത് ‘കളക്ടറോടൊപ്പം’ പരിപാടിയില്‍ താലൂക്ക് പരിധിയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് ലഭിച്ചത് 67 പരാതികള്‍. ഇതിൽ 41 എണ്ണം തീർപ്പാക്കി. ബാക്കിയുള്ളവ അടിയന്തരമായി തീർപ്പാക്കും.
നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നടന്ന അദാലത്തില്‍ സാധാരണക്കാരായ നിരവധി ആളുകളാണ് പരാതിയുമായി എത്തിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് 36 അപേക്ഷകളും മറ്റുവകുപ്പുകളുടെ 31 അപേക്ഷകളും ലഭിച്ചു. പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകള്‍, റീസര്‍വ്വേ, അതിര്‍ത്തി- വഴി തര്‍ക്കം, അനധികൃത കയ്യേറ്റം, ലൈഫ് ഭവന പദ്ധതി, ആര്‍ടിഒ, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തുടങ്ങി ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടര്‍ നടപടികള്‍ക്കായി കൈമാറി.