തിരുവനന്തപുരം : കരാർ നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തിന്മേൽ രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. കൌൺസിലർമാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു. ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്ഐആർ ഇടുന്നതടക്കമുള്ള നടപടികൾ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മൊബൈൽ പരിശോധനയോട് അടക്കം സഹകരിക്കുമെന്നും മേയർ അറിയിച്ചു.
