മാണിക്യപുരം :ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ മാണിക്യപുരം- പാറമുകൾ-കുറുങ്ങണംകോട് റോഡിന്റെ നവീകരണം ജി.സ്റ്റീഫൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. പാറമുകൾ, കുറുങ്ങണംകോട് നിവാസികൾക്ക് സഞ്ചാരയോഗ്യമായ പാതയെന്ന ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. പ്രദേശത്തെ 74 കുടുംബങ്ങൾക്ക് പ്രധാന റോഡിലേക്കെത്താനുള്ള ഏക ആശ്രയമാണ് ഈ പാത. നിലവിൽ റോഡിന്റെ ശോചനീയാവസ്ഥ കാരണം അടിയന്തര സാഹചര്യങ്ങളിൽ പോലും ഇവിടേക്ക് വാഹനങ്ങൾക്ക് എത്തിചേരാൻ കഴിയാത്ത അവസ്ഥയായിരുന്നു. അരുവിക്കര മണ്ഡലത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. 700 മീറ്റർ റീ ടാറിംഗ്, 70 മീറ്ററോളം കോൺക്രീറ്റ് റോഡ്, സംരക്ഷണ ഭിത്തി എന്നിവയാണ് നിർമ്മിക്കുന്നത്. പാറമുകൾ സെലസ്റ്റിയൽ സിറ്റി കോമ്പൗണ്ടിൽ നടന്ന പരിപാടിയിൽ ഉഴമലക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അധ്യക്ഷയായിരുന്നു.