തിരുവനന്തപുരം: ട്രാഫിക് സിഗ്നലിൽ ഹോൺ മുഴക്കിയെന്ന് ആരോപിച്ച് തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാരന് ക്രൂരമർദനം. നെയ്യാറ്റിൻകര സ്വദേശി പ്രദീപനാണ് നിറമൺകരയിൽവെച്ച് മർദനമേറ്റത്. സ്കൂട്ടർ യാത്രക്കാരായ രണ്ടു പേരാണ് പ്രദീപനെ മർദിച്ചത്. സംഭവത്തിൽ പരാതി നൽകി രണ്ട് ദിവസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പ്രദീപൻ ആരോപിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.കേശവദാസപുരത്തുള്ള രാസവള ഗുണമേൻമ പരിശോധന ലാബിലെ വാച്ച്മാനായ പ്രദീപ് ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. നിറമൺകരയിലെ ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തിയപ്പോൾ തൊട്ടുമുന്നിലുണ്ടായിരുന്ന സ്കൂട്ടർ യാത്രികരാണ് പ്രദീപനെ ആക്രമിച്ചത്. പിന്നിലുള്ള ഏതോ ഒരു വാഹനത്തിൽനിന്ന് ഹോൺ മുഴക്കിയപ്പോൾ നീയാണോ ഹോൺ അടിച്ചതെന്ന് ചോദിച്ച് സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ പ്രദീപനുനേരേ തട്ടിക്കയറുകയായിരുന്നു. ഹോണടിച്ചത് താനല്ലെന്ന് പറഞ്ഞെങ്കിലും യുവാക്കൾ അതൊന്നും ചെവികൊള്ളതെ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നുവെന്നും പ്രദീപൻ പറഞ്ഞു