തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്തു വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയതായി സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ഫോണിലൂടെയല്ല, ക്രൈംബ്രാഞ്ചിനു നേരിട്ടാണ് മൊഴി നല്‍കിയതെന്ന് ആനാവൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.പൊലീസിനു നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ആനാവൂര്‍ പറഞ്ഞു. കത്ത് വ്യാജമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചു തനിക്കു പറയാനുള്ളത് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. അതു മാധ്യമങ്ങളോടു പറയാനാവില്ല. കത്ത് വ്യാജമാണ് എന്നാണോ അറിയിച്ചതെന്ന് ചോദ്യത്തിന് ആനാവൂര്‍ മറുപടി നല്‍കിയില്ല.
കത്തു വിവാദത്തില്‍ മേയര്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാട് ആനാവൂര്‍ ആവര്‍ത്തിച്ചു. കത്തിന്റെ പേരില്‍ പ്രതിപക്ഷം ജീവനക്കാരെ പോലും പ്രവേശിപ്പിക്കാതെ കോര്‍പ്പറേഷനില്‍ സമരം ചെയ്യുകയാണ്. എല്‍ഡിഎഫ് ഇതുപോലെ ഒരുകാലത്തും സമരം ചെയ്തിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.കത്തു വിവാദത്തില്‍ സിപിഎം അന്വേഷണം ഉടനുണ്ടാവും. പാര്‍ട്ടി ചര്‍ച്ച ചെയ്ത് ഇതിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കും. നടപടി വേണോ എന്നതില്‍ അന്വേഷണത്തിനു ശേഷമേ പറയാനാവൂ എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.