തിരുവനന്തപുരം: നടുറോഡിൽ വച്ച് കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്ത സംഭവത്തിൽ പ്രതികളായ രണ്ട് പേരെ കോടതി റിമാൻഡ് ചെയ്തു. ബാലരാമപുരം ജംഗ്ഷനിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എട്ട് വയസ്സിന് താഴെ പ്രായമുള്ള മൂന്ന് കുട്ടികളുമായി കാറിലെത്തിയ ദമ്പതികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കോട്ടയം സ്വദേശിയായ ജോര്‍ജ്ജിൻ്റെ കാറാണ് ആക്രമിക്കപ്പെട്ടത്. കൈത്തറി വസ്ത്രങ്ങൾ വാങ്ങാനായാണ് കുടുംബം ബാലരാമപുരത്ത് എത്തിയത്. ഇവിടെ വച്ച് മുന്നിൽ പോയ കാറിൽ ജോര്‍ജ്ജിൻ്റെ കാര്‍ ചെറുതായി ഉരഞ്ഞു. ഇതിനു പിന്നാലെയാണ് മുൻപിലെ കാറിൽ സഞ്ചരിച്ച തിരുവനന്തപുരം പൗഡിക്കോണം സ്വദേശി അജിത് കുമാറും കല്ലിയൂര്‍ സ്വദേശി ജയപ്രകാശ് ഗൗതമനും ചേര്‍ന്ന് ജോര്‍ജ്ജിൻ്റെ കാര്‍ അടിച്ചു തകര്‍ത്തത്. കാര്‍ ആക്രമിക്കപ്പെട്ടപ്പോൾ ജോര്‍ജ്ജിൻ്റെ ഭാര്യയും മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു.
