അരുവിക്കര:സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന് അരുവിക്കര മണ്ഡലത്തില്‍ തുടക്കമായി. ലഹരിക്കെതിരെ കാല്‍പ്പന്തുകളിയിലൂടെ പ്രതിരോധം തീര്‍ക്കാന്‍ മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌കൂളില്‍ ഫുട്‌ബോള്‍ ടീമൊരുങ്ങി. സംസ്ഥാന എക്‌സൈസ് വകുപ്പിന്റെയും ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ രൂപീകരിച്ച എസ്.എഫ്.സി മീനാങ്കല്‍ ഫുട്‌ബോള്‍ ടീം ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിനെതിരെയുള്ള ഗോള്‍ ചലഞ്ചിനും സ്‌കൂളില്‍ തുടക്കമായി. വിമുക്തി ജില്ലാ മാനേജര്‍ പി.കെ. ജയരാജ് ലഹരി വിരുദ്ധ സന്ദേശം നല്‍കി.
ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളില്‍ ബോധവത്കരണം നല്‍കുകയെന്ന ലക്ഷ്യത്തിലാണ് സ്‌കൂള്‍ തലത്തില്‍ ഫൂട്‌ബോള്‍ ടീമുകള്‍ രൂപീകരിക്കുന്നത്. ഗോകുലം കേരള എഫ്‌സിയുടെ സഹകരണത്തോടെ ജില്ലയിലെ ഗോത്രമേഖലയിലെ സ്‌കൂളുകളില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഫുട്‌ബോള്‍ ടീമാണിത്.
തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗോകുലം എഫ്‌സിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും. ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഡിസംബറില്‍ ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍, മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിമുക്തി ഫുട്‌ബോള്‍ ടീമുകളുടെ മത്സരവും സംഘടിപ്പിക്കും.