നെടുമങ്ങാട്:പ്രതിഭകളെ വരവേൽക്കാൻ ഒരുങ്ങി നാട്, നെടുമങ്ങാടിന് ഇനി കലാപൂരത്തിന്റെ മൂന്ന് ദിനരാത്രികൾ. നെടുമങ്ങാട് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ജി.സ്റ്റീഫൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷനായി. ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കണ്ടറി സ്കൂളാണ് ഇത്തവണ കലോത്സവത്തിന് ആതിഥേയരാകുന്നത്. ഏഴ് വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും അണിനിരന്ന വർണ്ണാഭമായ ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ആദ്യദിനത്തിൽ രചന മത്സരങ്ങളും നടന്നു. നെടുമങ്ങാട് ഉപജില്ലാ പരിധിയിലെ 80 സ്കൂളുകളിലെ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. നവംബർ 17ന് കലോത്സവം സമാപിക്കും.