തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് പേരൂർക്കട മാനസികരഗാശുപത്രിയിൽ നടത്തിയ പരിശോധനയിൽ കണ്ടത് പരാധീനതകൾ മാത്രം.പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ലഭിച്ച പരാതികളുടെ അടി സ്ഥാനത്തിലായിരുന്നു പരിശോധന.
ഭൗതിക സാഹചര്യങ്ങളുടെ അഭാവമാണ് ജീവനക്കാരും രോഗികളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കമ്മീഷൻ കണ്ടെത്തി. നൂറു കണക്കിന് രോഗികളാണ് ആശുപത്രിയിലുള്ളത്. ഇവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് കമ്മീഷൻ കണ്ടെത്തി. മാനസികാരോഗ്യ നിയമ പ്രകാരമുള്ള സൗകര്യങ്ങൾ ആശുപത്രിയിലില്ലെന്നും കമ്മീഷൻ കണ്ടെത്തി.രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ജീവനക്കാർ നിലവിലില്ല. പഴയ തസ്തിക നിർണയപ്രകാരമാണ് ജീവനക്കാരെ നിയമിച്ചിരിക്കുന്നത്. പഴയ കെട്ടിടങ്ങളിൽ അറ്റകുറ്റപണികൾ നടത്താറില്ല.
സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. രോഗികളായ തടവുകാർക്ക് മേൽനോട്ടം വഹിക്കാനും സുരക്ഷിതത്വമൊരുക്കാനും സൗകര്യമില്ലെന്നും കമ്മീഷൻ കണ്ടെത്തി.
വിശദമായ ഉത്തരവ് കമ്മീഷൻ വൈകാതെ സർക്കാരിന് കൈമാറും.
കമ്മീഷൻ സെക്രട്ടറി എസ്.എച്ച്. ജയകേശൻ, രജിസ്ട്രാർ ജി എസ് ആശ, കമ്മീഷൻ അന്വേഷണ വിഭാഗം എസ്.പി, എസ്.ദേവമനോഹർ, ഡി. വൈ എസ്.പി, എസ് എസ് സുരേഷ് കുമാർ എന്നിവർ ജസ്റ്റിസ് ആൻറണി ഡൊമിനിക്കിന് ഒപ്പമുണ്ടായിരുന്നു.