വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരപ്പന്തൽ ഇന്നലെ മതസൗഹാർദ്ദത്തിന് വഴിമാറി. മുല്ലൂരിലെ ശ്രീകൃഷ്ണ-ശിവ-നാഗർ ക്ഷേത്രത്തിലേയ്‌ക്കുള്ള കൊടിമര ഘോഷയാത്ര കടന്നുപോകുന്നതിനായി സമരപ്പന്തലിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി വഴിയൊരുക്കുകയായിരുന്നു. ഘോഷയാത്രയെ വൈദികരുടെ നേതൃത്വത്തിൽ പുഷ്‌പവൃഷ്‌ടി നടത്തി സ്വീകരിക്കുകയും ചെയ്‌തു.
വർഷങ്ങളായി കൊടിമര ഘോഷയാത്ര കടന്നുപോയിരുന്നത് തുറമുഖ റോഡിനായി സർക്കാർ ഏറ്റെടുത്ത സ്ഥലത്തുകൂടിയായിരുന്നു. ഇവിടെയാണ് സമരപ്പന്തൽ കെട്ടിയിരിക്കുന്നത്. ഘോഷയാത്ര കടന്നുപോകാൻ വഴിയൊരുക്കണമെന്ന ആവശ്യവുമായി കമ്മിറ്റിക്കാർ രംഗത്തെത്തിയതോടെ പൊലീസ് സമരക്കാരുമായി രണ്ട് ദിവസം മുമ്പ് ചർച്ച നടത്തി. ഇന്നലെ രാവിലെ അതിരൂപത വികാരി ജനറലും സമരസമിതി ജനറൽ കൺവീനറുമായ യൂജിൻ എച്ച്. പെരേര, ക്ഷേത്രകമ്മിറ്റിക്കാർ, ജനകീയ സമരസമിതി പ്രവർത്തകർ എന്നിവരുമായി എ.ഡി.എം അനിൽ ജോസ്, നെയ്യാറ്റിൻകര തഹസിൽദാർ അരുൺ, ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജി എസ്, വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, കൗൺസിലർമാരായ പനിയടിമ, സി. ഓമന എന്നിവരുമായി ചർച്ച നടന്നു.ഘോഷയാത്രയെ അതിരൂപതയിലെ കോവളം ഫെറോനാ വികാരി ഫാ. ഫ്രഡി സോളമൻ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു. ഡി.സി.പിമാരായ അജിത്കുമാർ, നസീം, അസിസ്റ്റന്റ് കമ്മിഷണർമാരായ ഷാജി.എസ്, ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
