വിഴിഞ്ഞം : ജില്ലയിലെ തീരക്കടലിൽ പകൽ പച്ചനിറത്തിലും രാത്രിയിൽ നീലയും ചുവപ്പും ഓറഞ്ചും നിറത്തിൽ തിളങ്ങുന്ന ആൽഗകളുടെ സാന്നിധ്യം. മീനുകളെ നശിപ്പിക്കാൻ ശേഷിയുള്ള നോക്ടി ലൂക്കാ ആൽഗകളുടെ സാന്നിധ്യമുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.കോവളം സമുദ്രാ ബീച്ചിന് സമീപം ശനിയാഴ്ച രാത്രി വൈകിയാണ് ഇവയുടെ വൻ സാന്നിധ്യം ദൃശ്യമായത്. നോക്ടി ലൂക്കാ എന്ന ആൽഗകളുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ തീരങ്ങളിൽ പ്രത്യക്ഷമായിരുന്നു. ഫ്‌ളൂറസന്റ്‌നിറത്തിലുളള പച്ചവെളിച്ചം പോലെയായിരുന്നു തിരമാലകൾ തിളങ്ങിയത്. കോവളം ലൈറ്റ് ഹൗസ് ബീച്ച്, ആഴിമല-അടിമലത്തുറ എന്നിവിടങ്ങളിലെ തീരക്കടലാണ് കഴിഞ്ഞദിവസം പച്ചനിറമായി കാണപ്പെട്ടത്. രാത്രിയിൽ നീലയും ചിലപ്പോൾ ചുവപ്പ്, ഓറഞ്ച് നിറങ്ങളിലും ഇവ കാണപ്പെടും. ആൽഗാ ബ്ലും എന്ന പ്രതിഭാസമാണിതെന്ന് പറയപ്പെടുന്നു.
