തിരുവനന്തപുരം:വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ്. പദ്ധതിക്കെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു കേസ് ജനകീയ സമര സമിതിക്കെതിരെയാണ്. ഫാദര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരും കേസില്‍ പ്രതികളാണ്. വധശ്രമം, ഗൂഢാലോചന, കുറ്റകരമായ സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസ് നിയമപരമായി നേരിടുമെന്നും ഭയക്കുന്നില്ലെന്നും യൂജിന്‍ പെരേര പ്രതികരിച്ചു. സമരം ചെയ്യുന്നത് ന്യായമായ ആവശ്യത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്ത് തുറമുഖ നിര്‍മാണത്തിനെതിരായി നടത്തുന്ന സമരം തുടരാനാണ് തീരുമാനം. സമരം തുടരാന്‍ ആഹ്വാനം ചെയ്ത് ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. തുറമുഖ നിര്‍മാണത്തിനെതിരായ സമരം തുടരണമെന്നാണ് ആഹ്വാനം. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നില്‍പ്പോലും പരിഹാരം കണ്ടിട്ടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.
 
								 
															 
															 
															









