Search
Close this search box.

വിഴിഞ്ഞത്തുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കരുത്, പദ്ധതിയുമായി മുന്നോട്ടുപോകണമെന്നും സര്‍വകക്ഷിയോഗം

IMG-20221128-WA0069

തിരുവനന്തപുരം :കേരളത്തിന്റെ സ്വപ്‌നമായ വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്തരുതെന്നും കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്നും സര്‍വകക്ഷി – സമാധാന യോഗത്തില്‍ ധാരണയായതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പദ്ധതി നിറുത്തിവക്കരുതെന്ന് ആവശ്യപ്പെട്ടു. പൊലീസും സര്‍ക്കാരും ആത്മസംയമനം പാലിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായത്. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും സമാധാനന്തരീക്ഷം നിലനിറുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത 24 സംഘടനകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടു. സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും യോഗ ശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

 

വിഴിഞ്ഞത്തുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷ്പക്ഷവും നീതിപൂര്‍വവുമായ നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോകും. ഇനിയും അക്രമം വ്യാപിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും വ്യാജപ്രചാരണങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വിഴിഞ്ഞം പദ്ധതിയെ തടസപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസം നില്‍ക്കുന്നവരാണെന്ന് യോഗത്തില്‍ സംസാരിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പറഞ്ഞു. വിഴിഞ്ഞത്ത് സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വിഴിഞ്ഞം സമര സമിതിയുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ആറുതവണയിലേറെ ചര്‍ച്ചകള്‍ നടത്തി. ഇനിയും ആവശ്യമെങ്കില്‍ സമരക്കാരെ കേള്‍ക്കാന്‍ തയ്യാറാണ്. വിഴിഞ്ഞം പദ്ധതി നിറുത്തിവക്കാന്‍ കഴിയില്ല. ജനങ്ങളുടെ സ്വൈര ജീവിതത്തെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും എല്ലാവരും പിന്‍മാറണമെന്ന് യോഗത്തില്‍ ധാരണയായതായും മന്ത്രി പറഞ്ഞു. എം.വിന്‍സെന്റ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാജു, കൗൺസിലർമാർ , ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സിറ്റി പോലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, എ.ഡി.എം ജെ.അനില്‍ ജോസ്, വിവിധ രാഷ്ട്രീയ – സാമുദായിക സംഘടനകളിലെ പ്രതിനിധികള്‍, വിഴിഞ്ഞം സമര സമിതി നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!