Search
Close this search box.

വിദേശ വനിതയുടെ കൊലപാതകം അന്വേഷിച്ച സംഘത്തെ ആദരിച്ച് ഡിജിപി

IMG_20221205_193838_(1200_x_628_pixel)

 

തിരുവനന്തപുരം:ലാത്വിയന്‍ പൗരയായ വിദേശ വനിത കൊല്ലപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ആദരിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മെഡിസിന്‍ വിഭാഗം പ്രൊഫസറും പോലീസ് സര്‍ജനുമായിരുന്ന ഡോ.കെ.ശശികല, കേസിന്‍റെ വിചാരണ വിജയകരമായി നടത്തിയ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍ രാജ് എന്നിവരെയും ആദരിച്ചു. പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു.

 

പ്രത്യേക സംഘത്തിന്‍റെയും മുഖ്യഅന്വേഷണ ഉദ്യോഗസ്ഥനായ ജെ.കെ ദിനിലിന്‍റെയും പഴുതടച്ച അന്വേഷണം കേസ് തെളിയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. കേസ് വിദഗ്ധമായി അന്വേഷിച്ച് തെളിയിച്ച കേരള പോലീസിനും കേസ് വാദിച്ച സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ക്കും വിശദമായി പോസ്റ്റുമാര്‍ട്ടം നടത്തിയ പോലീസ് സര്‍ജനും കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി നന്ദി അറിയിച്ചു.

 

മുൻ ദക്ഷിണമേഖലാ ഐ ജിയും നിലവില്‍ വിജിലന്‍സ് ഡയറക്റ്ററുമായ എ ഡി ജി പി മനോജ് എബ്രഹാം, മുന്‍ സിറ്റി പോലീസ് കമ്മീഷണറും നിലവില്‍ ദക്ഷിണമേഖലാ ഐ ജിയുമായ പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ഇവരും തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി. അജിത്ത്, മുന്‍ ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണറും നിലവില്‍ തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണറുമായ ജെ.കെ. ദിനില്‍ എന്നിവരും ആദരവ് ഏറ്റുവാങ്ങി. ഡിവൈ എസ് പിമാരായ എന്‍.വി അരുണ്‍ രാജ്, സ്റ്റുവര്‍ട്ട് കീലര്‍, എം.അനില്‍ കുമാര്‍, ഇന്‍സ്പെക്റ്റര്‍മാരായ സുരേഷ്.വി.നായര്‍, വി.ജയചന്ദ്രന്‍, എം.ഷിബു, ആര്‍.ശിവകുമാര്‍ എന്നിവരും എസ്.ഐമാര്‍, എ.എസ്.ഐമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരും സംസ്ഥാന പോലീസ് മേധാവിയില്‍ നിന്ന് പ്രശംസാപത്രം സ്വീകരിച്ചു.

 

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്‍റഫിക് ഓഫീസര്‍മാരായ ഡോ.സുനു കുമാര്‍, എ.ഷഫീക്ക, ബി.എസ് ജിജി, കെ.പി രമ്യ, സിന്ധുമോള്‍, ജിഷ, ഡോ.കെ.ആര്‍ നിഷ, ജെ.എസ് സുജ എന്നിവരും പ്രശംസാപത്രം ഏറ്റുവാങ്ങി.

 

ആയുര്‍വേദ ചികിത്സയ്ക്കായി 2018ല്‍ കേരളത്തിലെത്തിയ വിദേശ വനിത കോവളത്തിനു സമീപം ആളൊഴിഞ്ഞ ചതുപ്പുനിലത്ത് കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കൊലപാതകം നടത്തിയെന്നു കണ്ടെത്തിയത്.

 

വിചാരണസമയം മുഴുവന്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന വിദേശവനിതയുടെ സഹോദരി വാദം ആരംഭിക്കുന്നതിനുമുന്‍പ് നാട്ടിലേക്കു തിരികെ പോയിരുന്നു. തുടര്‍ന്ന് ലാത്വിയന്‍ എംബസിയുടേയും സഹോദരിയുടേയും അപേക്ഷയുടെ അടിസ്ഥാനത്തില്‍ കോടതി നടപടികള്‍ വിദേശത്തുനിന്നു വീഡിയോ കോണ്‍ഫറന്‍സിങ് വഴി വീക്ഷിക്കാന്‍ അനുവാദം നല്‍കുകയുണ്ടായി.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!