ജില്ലയിലെ സായുധസേനാ പതാകദിനാചരണത്തിന് തുടക്കം

IMG-20221207-WA0042

തിരുവനന്തപുരം :രാഷ്ട്രത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരരക്തസാക്ഷികളോടുള്ള അഗാധമായ ആദരം അര്‍പ്പിക്കുന്നതിനുള്ള സായുധസേനാ പതാകദിനമായ ഡിസംബര്‍ ഏഴിനോടനുബന്ധിച്ച്, പതാകനിധിയിലേക്കുള്ള ജില്ലയിലെ ഫണ്ട് പിരിവിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ഫണ്ടിലേക്ക് ആദ്യ സംഭാവന നല്‍കിയ കളക്ടര്‍ എന്‍.സി.സി കേഡറ്റുകളില്‍ നിന്നും സായുധസേനാ ദിനാചരണ സ്റ്റാംപ് കൈപ്പറ്റുകയും ചെയ്തു. 2021ലെ സായുധസേനാ പതാകദിനാചരണത്തില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് ശേഖരിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും കളക്ടര്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്ഥാപന വിഭാഗത്തില്‍ കേന്ദ്രീയ വിദ്യാലയം പട്ടം, സര്‍ക്കാര്‍ ഓഫീസ് വിഭാഗത്തില്‍ തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാര്‍ കോര്‍പ്പറേറ്റീവ് സൊസൈറ്റി, എന്‍.സി.സി ബറ്റാലിയന്‍ വിഭാഗത്തില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് പേരൂര്‍ക്കട എന്നിവരാണ് പുരസ്‌കാരം കരസ്ഥമാക്കിയത്. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ സതീന്ദ്രന്‍ പി.കെ, വെല്‍ഫെയല്‍ ഓര്‍ഗനൈസര്‍ ഹരിലാല്‍, സൈനിക ഉദ്യോഗസ്ഥര്‍, എന്‍.സി.സി കേഡറ്റുകള്‍ തുടങ്ങിയവരും പങ്കെടുത്തു.

ജീവിതത്തിന്റെ സുവര്‍ണകാലഘട്ടം രാജ്യസുരക്ഷക്കായി സമര്‍പ്പിച്ച വിമുക്തഭടന്മാരുടെയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്ന സായുധസേനാംഗങ്ങളുടെയും സേവനങ്ങളെ സ്മരിക്കുന്നതിനാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് സായുധസേനാ പതാകദിനമായി ആചരിക്കുന്നത്. കാര്‍ ഫ്‌ളാഗുകളുടെയും ടോക്കണ്‍ ഫ്‌ളാഗുകളുടെയും വില്‍പ്പനയിലൂടെ പതാകദിന ഫണ്ട് സമാഹരിക്കുകയും ചെയ്യും. വിമുക്തഭടന്മാര്‍ക്കും സൈനികരുടെ വിധവകള്‍ക്കും മക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കാനാണ് ഈ ഫണ്ട് വിനിയോഗിക്കപ്പെടുക. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍, ഇതര തൊഴില്‍സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കലാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ പതാകകള്‍ വിതരണം ചെയ്ത് ഫണ്ട് ശേഖരിക്കുകയാണ് ചെയ്യുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!