തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനി മാര്‍ക്കിടാം; ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനത്തിന് തുടക്കം

IMG-20221208-WA0072

തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള ‘ഡെസ്റ്റിനേഷന്‍ റേറ്റിംഗ്’ സംവിധാനത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് വിവിധ മാനദണ്ഡങ്ങളിലായി ഒന്ന് മുതല്‍ അഞ്ച് സ്റ്റാര്‍ വരെ സന്ദര്‍ശകര്‍ക്ക് രേഖപ്പെടുത്താം. ഏറ്റവും മികച്ച റേറ്റിംഗ് ലഭിക്കുന്ന വിനോദസഞ്ചാര കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ജില്ലാ കളക്ടറുടെ പ്രത്യേക പാരിതോഷികവും ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് റേറ്റിംഗ് രേഖപ്പെടുത്താനുള്ള അവസരമൊരുക്കുന്നത്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള നെയ്യാര്‍ഡാം, കാപ്പില്‍, ശാസ്താംപാറ, വേളി, ശംഖുമുഖം, ആക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഡെസ്റ്റിനേഷന്‍ റേറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. അടുത്തഘട്ടത്തില്‍ ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരുടെ പെരുമാറ്റം, ടൂറിസം കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍, ശൗചാലങ്ങളുടെ ശുചിത്വം, പ്രത്യേക പരാമര്‍ശം, നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് സഞ്ചാരികള്‍ക്ക് രേഖപ്പെടുത്താന്‍ കഴിയുക. സന്ദര്‍ശകരുടെ അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് പ്രത്യേക റേറ്റിംഗ് ഏര്‍പ്പെടുത്തും. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ച കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പ്രത്യേക പാരിതോഷികവുമുണ്ടാകും. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതും സഞ്ചാരികള്‍ക്ക് രേഖപ്പെടുത്താം. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകും. സഞ്ചാരികളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതോടൊപ്പം ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ വികസന സമിതി കമ്മിഷണര്‍ അനു കുമാരി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഷാരോണ്‍ വീട്ടില്‍ തുടങ്ങിയവരും സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!