വർക്കല: ബൈക്കിൽ കയറ്റാത്തതിന്റെ പേരിൽ പുതിയ ബൈക്ക് തീ കൊളുത്തി നശിപ്പിച്ചതായി പരാതി. വർക്കല പുല്ലാന്നിക്കോട് വിനീത് ഭവനിൽ വിനീതിന്റെ ബൈക്കാണ് കഴിഞ്ഞദിവസം പുലർച്ചെ കത്തി നശിച്ചത്. സംഭവം ദിവസം രാത്രി വീടിന്റെ പരിസരത്തെത്തിയ വിനീതിന്റെ ഒരു സുഹൃത്ത് അയാളുടെ സഹോദരിയുടെ വീട്ടിലേക്കു മടങ്ങാനായി പുതിയ ബൈക്കിൽ കൊണ്ടുപോകുമോയെന്ന് ചോദിച്ചെങ്കിലും, നിഷേധിച്ചതിനെ തുടർന്നു പ്രതിഷേധിക്കുകയും ബൈക്ക് കത്തിക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തതായി വിനീത് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.സംഭവത്തിന് ശേഷം കാണാതായ സുഹൃത്ത് നിഷാന്തിനായി വർക്കല പൊലീസ് അന്വേഷണം തുടങ്ങി.
