വെള്ളറട: കാട്ടുകടന്നലിന്റെ ആക്രമണത്തിൽ 22 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്കേറ്റു. അമ്പൂരി പുറുത്തിപ്പാറയിലെ വേളാർകുഴിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഗുരുതരമായി പരുക്കേറ്റ 5 പേർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പുറുത്തിപ്പാറ കാർത്തിക് ഭവനിൽ ശ്രീജമോൾ(40), മണലിവിളാകത്ത് വീട്ടിൽ മേരി(67), കുട്ടമല ഇലങ്കത്ത് മണ്ണടി കിഴക്കേക്കരവീട്ടിൽ ശ്രീലത(37),സോമവല്ലി(67), പട്ടാളവില്ലി കിഴക്കേക്കരവീട്ടിൽ കൗസല്യ(75)എന്നിവരാണ് മെഡിക്കൽ കോളജിലുള്ളത്. ദേവകി(70), ഗിരിജ(54),ഹേമ(45),ആഗ്നസ്(65),സുനി(46),ഷീല(53) എന്നിവരെ ആനപ്പാറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ശേഷിക്കുന്നവർക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. രാവിലെ 9.30ന് ആണ് കടന്നലിന്റെ ആക്രമണം ആരംഭിച്ചത്.
